ഓണക്കാലത്ത് തുറമുഖ തൊഴിലാളികൾക്കും ആശ്വാസമായി യു.ഡി.എഫ് സർക്കാർ
Welfare

ഓണക്കാലത്ത് തുറമുഖ തൊഴിലാളികൾക്കും ആശ്വാസമായി യു.ഡി.എഫ് സർക്കാർ

ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്കും ആശ്രിതർക്കും 5,250 രൂപ വീതം ധനസഹായവും സൗജന്യ റേഷനും അനുവദിച്ച് സർക്കാർ ഉത്തരവ്.

ആലപ്പുഴ: തുറമുഖ മേഖലയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെ കൈത്താങ്ങുമായി യു.ഡി.എഫ് സർക്കാർ. ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്കും ആശ്രിതർക്കും 5,250 രൂപ വീതം ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനായി ആകെ 15,69,750 രൂപ അനുവദിച്ചിരിക്കുന്നത്. ദീർഘകാലമായി തുറമുഖ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടി.

ധനസഹായത്തിന് പുറമെ അർഹരായ ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ട സൗജന്യ റേഷൻ നൽകാനും ഉത്തരവിൽ നിർദേശമുണ്ട്. ഇതിനാവശ്യമായ അരി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മുഖേന ലഭ്യമാക്കും.

299 തൊഴിലാളികൾക്കും ആശ്രിതർക്കും തുക സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ധനസഹായവും സൗജന്യ റേഷനും വിതരണം ചെയ്യുക.

തുറമുഖ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകി സർക്കാർ സ്വീകരിച്ച നടപടി മേഖലയിലെ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ജനകീയ ഭരണത്തിന്റെ മറ്റൊരു മാതൃകയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.