ഇച്ഛാശക്തിയുടെ നൂറുദിനങ്ങൾ
Opinion

ഇച്ഛാശക്തിയുടെ നൂറുദിനങ്ങൾ

കേരളത്തിലെ പുതിയ സർക്കാർ പിന്നിട്ട നൂറ് ദിവസങ്ങൾ നൽകുന്ന ഏറ്റവും വലിയ സൂചന അതാണ്—ഈ ഭരണം കേരളത്തെ മാറ്റിമറിക്കാനുള്ള വഴിയിലാണ്. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ, ഇത് പൊളിക്കും!

This is an opinion piece by an external author, shared here for readers -- it does not represent an official statement or position of the UDF Government of Kerala.

ഒരു സർക്കാരിനെ വിലയിരുത്താൻ നൂറ് ദിവസങ്ങൾ മതിയാകില്ല. ഒരു ഭരണത്തിന്റെ സമഗ്രമായ ഫലങ്ങൾ അളക്കാൻ അതിനേക്കാൾ കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ ഒരു സർക്കാരിന്റെ പോക്കിന്റെ ഗതി മനസ്സിലാക്കാൻ നൂറ് ദിവസങ്ങൾ ധാരാളമാണ്. ആ ഗതി എങ്ങോട്ടാണെന്ന് പ്രവചിക്കാനും കഴിയും.

കേരളത്തിലെ പുതിയ സർക്കാർ പിന്നിട്ട നൂറ് ദിവസങ്ങൾ നൽകുന്ന ഏറ്റവും വലിയ സൂചന അതാണ്—ഈ ഭരണം കേരളത്തെ മാറ്റിമറിക്കാനുള്ള വഴിയിലാണ്. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ, ഇത് പൊളിക്കും!

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു. വിഷയം—വി.ഡി. സതീശൻ എന്ന ഭാവി മുഖ്യമന്ത്രിയെക്കുറിച്ച്.

പതിവുപോലെ ആ പോസ്റ്റിന് താഴെ വിമർശനങ്ങളെത്തി. ചിലർ പരിഹസിച്ചു. കോൺഗ്രസിലെ ചില സുഹൃത്തുക്കൾ പോലും ചോദിച്ചു: “സതീശൻ എങ്ങനെയാണ് മുഖ്യമന്ത്രിയാകുക? രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കളില്ലേ?”

ഇടതുപക്ഷ സുഹൃത്തുക്കളുടെ പ്രവചനം മറ്റൊന്നായിരുന്നു.

“മനോജിന്റെ നിഗമനം തെറ്റും. മൂന്നാമതും പിണറായി വരും. അതിൽ ആർക്കാണ് ഇത്ര സംശയം?”

അങ്ങനെ നോക്കുമ്പോൾ കോൺഗ്രസുകാരും സി.പി.എമ്മുകാരും ഒരുപോലെ എഴുതിത്തള്ളിയ ഒരു മനുഷ്യനായിരുന്നു വി.ഡി. സതീശൻ.

പക്ഷേ, ചരിത്രം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്.

പറവൂരിനെ സ്വന്തം രാഷ്ട്രീയ തട്ടകമാക്കിയ ആ നെട്ടൂരുകാരൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അധികാരത്തിനകത്തും പുറത്തും അദ്ദേഹത്തോട് ഏറ്റുമുട്ടാൻ തുല്യരായ എതിരാളികളില്ലാത്ത തരത്തിൽ രാഷ്ട്രീയമായി അദ്ദേഹം വളർന്നു.

അതായിരുന്നു ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യം.

മടിയില്ലാത്ത ഭരണം

ഇനി അദ്ദേഹത്തിന്റെ ഭരണത്തിലേക്ക് വരാം.

ഒരു നൂറ്റാണ്ട് മുമ്പ് കുമാരനാശാൻ എഴുതിയ വരികളുണ്ട്:

“മടിവിട്ട് ജനേശ്ചകൂടി തൻ തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം…”

ജനഹിതം മുൻനിർത്തി, സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് ഭരിക്കുക എളുപ്പമല്ലെന്നാണ് ആശാൻ പറഞ്ഞത്.

എന്നാൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ആ “ദുഷ്ക്കരം” എന്ന വാക്കിനെ “സുകരം” ആക്കാനുള്ള ശ്രമത്തിലാണ്.

കാരണം, ഈ ഭരണത്തിൽ മടിയില്ല. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും അതിൽ ഇടപെടാനും തീരുമാനങ്ങൾ നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയുണ്ട്.

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്.

266 ദിവസം സെക്രട്ടേറിയറ്റിന്റെ പടിക്കൽ കണ്ണീരും കയ്യുമായി കാത്തിരുന്ന ആശാ വർക്കർമാരുടെ വേതനം ഒറ്റയടിക്ക് വർധിപ്പിച്ച തീരുമാനമുണ്ട്.

കൃത്യമായ പെൻഷൻ വിതരണമുണ്ട്.

ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ വേഗത്തിലുള്ള ഇടപെടലുകളുണ്ട്.

ഇതെല്ലാം ചേർന്നാണ് ഒരു സർക്കാരിന്റെ സ്വഭാവം രൂപപ്പെടുന്നത്.

ടീമിന്റെ കരുത്ത്

ഒരു മുഖ്യമന്ത്രിയുടെ മാത്രം നേട്ടമല്ല ഒരു സർക്കാരിന്റെ വിജയം. അതിന് പിന്നിൽ പ്രവർത്തിക്കുന്ന മന്ത്രിമാരുടെ ടീം കൂടി അത്രതന്നെ പ്രധാനമാണ്.

സതീശനൊപ്പം ആരോഗ്യരംഗത്ത് മഹാരോഗങ്ങളെയും നിപ്പയെയും അടക്കം നേരിടാൻ മുന്നിൽ നിന്ന മുരളീധരൻ എന്ന ആരോഗ്യമന്ത്രിയുണ്ട്.

ക്രിമിനൽ രംഗത്തെ അടിമുടി ശുദ്ധീകരിക്കാൻ “ഓപ്പറേഷൻ തൂഫാൻ” പോലുള്ള നടപടികളുമായി മുന്നോട്ടുപോയ രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രിയുണ്ട്.

ഓണവിപണിയെ കൃത്യമായി കൈകാര്യം ചെയ്ത് വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ഇടപെട്ട അനൂപ് ജേക്കബ് എന്ന സിവിൽ സപ്ലൈസ് മന്ത്രിയുണ്ട്.

തുടക്കത്തിലുണ്ടായിരുന്ന പവർകട്ട് പ്രശ്നം പാടേ മാറ്റി, വൈദ്യുതി മുടങ്ങുന്നത് അപൂർവമാക്കാൻ ഇടപെട്ട സൗമ്യനായ സണ്ണി ജോസഫുണ്ട്.

ഓരോ വകുപ്പിലും ഓരോ തീരുമാനത്തിലും ഒരു കാര്യം പ്രകടമാണ്—ഭരണം ഒരു പതിവ് നടപടിക്രമമല്ല; അത് ജനജീവിതത്തിൽ മാറ്റമുണ്ടാക്കാനുള്ള ഉപാധിയാണ്.

നൂറ് ദിവസങ്ങൾ—ഒരു തുടക്കം മാത്രം

നൂറ് ദിവസങ്ങൾ ഒരു സർക്കാരിന്റെ മുഴുവൻ പ്രകടനപത്രികയല്ല. മുന്നിൽ ഇനിയും വലിയ കാലയളവുണ്ട്. കൂടുതൽ പ്രതീക്ഷകളും വെല്ലുവിളികളുമുണ്ട്. അതുകൊണ്ടുതന്നെ ഈ നൂറ് ദിവസങ്ങളെ അവസാന വിധിയായി കാണേണ്ടതില്ല.

പക്ഷേ, ഇത് ഒരു തുടക്കത്തിന്റെ സൂചനയാണ്.

ഒരു സർക്കാരിന്റെ ഗതി മനസ്സിലാക്കാൻ ചിലപ്പോൾ നൂറ് ദിവസങ്ങൾ മതിയാകും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ഞാൻ നടത്തിയ ഒരു പ്രവചനം ഇന്ന് യാഥാർഥ്യമായി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് അന്ന് പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. ഇന്ന് അതേ പ്രവചനം ചരിത്രത്തിന്റെ ഭാഗമാണ്.

അതുകൊണ്ട് ഒരു പ്രവചനം കൂടി നടത്തുകയാണ്.

വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറ്റവും കൂടുതൽ കാലം തുടരുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതിയും സ്വന്തമാക്കാൻ പോകുകയാണ്.

ഇത് ഒരു രാഷ്ട്രീയ ആഗ്രഹം മാത്രമല്ല.

കഴിഞ്ഞ നൂറ് ദിവസങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവചനമാണ്.

ഇച്ഛാശക്തിയുള്ള നേതൃത്വം. മടിയില്ലാത്ത ഭരണം. ജനഹിതം മുൻനിർത്തിയ തീരുമാനങ്ങൾ.

കേരളത്തിന്റെ മാറ്റത്തിന്റെ ഈ യാത്ര ഇപ്പോഴാണ് തുടങ്ങുന്നത്.